Job 30

1“എന്നാൽ ഇപ്പോൾ എന്നെക്കാൾ പ്രായംകുറഞ്ഞവർ
എന്നെ പരിഹസിക്കുന്നു;
അവരുടെ പിതാക്കന്മാർ എന്റെ ആട്ടിൻപറ്റത്തിന്റെ
കാവൽനായ്ക്കളോടൊപ്പം നിർത്താൻപോലും യോഗ്യരായിരുന്നില്ല.
2വാസ്തവത്തിൽ അവരുടെ കൈക്കരുത്ത് എനിക്കെന്തു മെച്ചമുണ്ടാക്കി?
അവരുടെ ഊർജസ്വലത അവരിൽനിന്നു ചോർന്നുപോയല്ലോ.
3ദാരിദ്ര്യവും വിശപ്പുംനിമിത്തം മെലിഞ്ഞുണങ്ങിയ അവർ,
രാത്രിസമയത്ത് വിജനസ്ഥലങ്ങളിലും
വരണ്ടുണങ്ങിയ നിലങ്ങളിലും അലഞ്ഞുനടന്നു.
4അവർ കുറ്റിക്കാട്ടിൽ ഓരുനിലത്തെ ചീര പറിക്കുന്നു;
കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു.
5അവർ സമൂഹത്തിൽനിന്ന് നിഷ്കാസിതരായിരിക്കുന്നു;
മോഷ്ടാക്കളെപ്പോലെ ആട്ടിയോടിക്കപ്പെട്ടവരാണ് അവർ.
6തന്മൂലം അവർ നീർച്ചാലുകളുടെ തടങ്ങളിലും
പാറയുടെ വിള്ളലുകളിലും ഗുഹകളിലും പാർക്കാൻ നിർബന്ധിതരാകുന്നു.
7കുറ്റിക്കാടുകളിൽനിന്ന് മൃഗങ്ങളെപ്പോലെ അവർ ഓരിയിടുന്നു;
അടിക്കാടുകൾക്കിടയിൽ അവർ ഒരുമിച്ചുകൂടുന്നു.
8അവർ ഭോഷരുടെ മക്കൾ, നീചസന്തതികൾ;
ദേശത്തുനിന്ന് അവരെ അടിച്ചോടിക്കുന്നു.

9“ഇപ്പോൾ ഞാൻ അവർക്കൊരു ഹാസ്യഗാനമായിരിക്കുന്നു;
ഒരു പഴഞ്ചൊല്ലായിത്തന്നെ മാറിയിരിക്കുന്നു.
10അവർ എന്നെ വെറുത്ത് എന്നിൽനിന്ന് അകന്നുനിൽക്കുന്നു;
എന്റെ മുഖത്ത് തുപ്പുന്നതിനുപോലും അവർ മടിക്കുന്നില്ല.
11കാരണം, ദൈവം എന്റെ വില്ലിന്റെ ഞാണഴിച്ച് എന്നെ കഷ്ടതയിലാക്കുന്നു.
എന്റെമുമ്പിൽ അവർ കയറൂരിവിട്ടവരെപ്പോലെ ആകുന്നു.
12എന്റെ വലതുഭാഗത്ത് അവരുടെ വർഗം
ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല.
ആക്രമിക്കുന്നു
എന്റെ കാലുകൾക്കായി കുരുക്കിടുന്നു.
അവർ എനിക്കെതിരേ നാശതന്ത്രങ്ങൾ ഒരുക്കുന്നു.
13അവർ എന്റെ പാത തകർക്കുന്നു;
എന്നെ നശിപ്പിക്കുന്നതിൽ അവർ വിജയം കണ്ടെത്തുന്നു.
‘അവനെ സഹായിക്കാൻ ആരും വരികയില്ല,’ എന്ന് അവർ പറയുന്നു.
14വായ് തുറന്നിരിക്കുന്ന ഒരു പിളർപ്പിലൂടെ എന്നപോലെ അവർ കയറിവരുന്നു;
ഇടിഞ്ഞുതകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ അവർ എന്റെനേരേ ഉരുണ്ടുവരുന്നു.
15ഭീകരതകൾ എനിക്കെതിരേ ഉയർന്നുവരുന്നു;
കാറ്റിനാൽ എന്നപോലെ അവർ എന്റെ മഹത്ത്വം പാറ്റിക്കളയുന്നു;
എന്റെ ഐശ്വര്യം ഒരു മേഘംപോലെ നീങ്ങിപ്പോയിരിക്കുന്നു.

16“ഇപ്പോൾ എന്റെ പ്രാണൻ എന്റെയുള്ളിൽ തൂകിപ്പോയിരിക്കുന്നു;
ആകുലതയുടെ ദിവസങ്ങൾ എന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.
17രാത്രിയിൽ അത് എന്റെ അസ്ഥികളിൽ തുരന്നുകയറുന്നു;
കാർന്നുതിന്നുന്ന വേദനയ്ക്ക് ഒരു ശമനവും ഉണ്ടാകുന്നില്ല.
18ദൈവം തന്റെ അദമ്യശക്തിയാൽ ഒരു വസ്ത്രംപോലെ എന്നെ ആവരണം ചെയ്തിരിക്കുന്നു;
കുപ്പായക്കഴുത്തുപോലെ അവിടന്ന് എന്നെ മുറുകെ പിടിക്കുന്നു.
19അവിടന്ന് എന്നെ ചെളിയിലേക്കു വലിച്ചെറിയുന്നു;
ഞാൻ ധൂളിയും ചാമ്പലുംപോലെ ആയിത്തീർന്നിരിക്കുന്നു.

20“ദൈവമേ, സഹായത്തിനായി ഞാൻ അങ്ങയോടു നിലവിളിച്ചിട്ടും അങ്ങ് ഉത്തരം നൽകുന്നില്ല;
ഞാൻ എഴുന്നേറ്റു നിൽക്കുന്നു, എന്നാൽ അങ്ങ് എന്നെ ഒന്നു നോക്കുകപോലും ചെയ്യുന്നില്ല.
21അങ്ങ് എന്നോടു ക്രൂരനായിത്തീർന്നിരിക്കുന്നു;
അവിടത്തെ കരബലത്താൽ എന്നെ ആക്രമിക്കുന്നു.
22അങ്ങ് എന്നെ കാറ്റിന്മേൽ കയറ്റി പറപ്പിക്കുന്നു;
കൊടുങ്കാറ്റിൽ ഞാൻ ആടി ഉലയുന്നു.
23അങ്ങ് എന്നെ മരണത്തിലേക്കാനയിക്കുമെന്ന് എനിക്കറിയാം,
ജീവനുള്ളവരെല്ലാം ചെന്നുചേരുന്ന ഭവനത്തിലേക്കുതന്നെ.

24“ഒരാൾ നാശക്കൂമ്പാരത്തിൽനിന്ന് സഹായത്തിനായി കൈനീട്ടി നിലവിളിക്കുമ്പോൾ
ആരും അയാളുടെമേൽ കൈവെക്കുകയില്ല എന്നതു നിശ്ചയം?
25കഷ്ടതയിലിരിക്കുന്നവർക്കുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലേ?
ദരിദ്രരെ ഓർത്ത് എന്റെ ഹൃദയം ദുഃഖിച്ചിട്ടില്ലേ?
26ഞാൻ നന്മ പ്രതീക്ഷിച്ചപ്പോൾ തിന്മ വന്നുചേർന്നു;
പ്രകാശത്തിനായി ഞാൻ നോക്കിയപ്പോൾ അന്ധകാരം പടർന്നിറങ്ങി.
27എന്റെ ഹൃദയം തിളയ്ക്കുന്നു, വിശ്രമം ലഭിക്കുന്നില്ല;
ദുരിതദിവസങ്ങൾ എന്നോട് ഏറ്റുമുട്ടുന്നു.
28ഞാൻ കറുത്തിരുണ്ടവനായി നടക്കുന്നു; വെയിൽ കൊണ്ടിട്ടല്ലതാനും.
സഭയിൽ ഞാൻ എഴുന്നേറ്റ് സഹായത്തിനായി നിലവിളിക്കുന്നു.
29ഞാൻ കുറുനരികൾക്കു സഹോദരനും
ഒട്ടകപ്പക്ഷികൾക്കു സഹചാരിയുമായി മാറിയിരിക്കുന്നു.
30എന്റെ ത്വക്കു കറുത്തു പൊളിഞ്ഞുപോകുന്നു;
എന്റെ ശരീരം ജ്വരം ഹേതുവായി ചുട്ടുപൊള്ളുന്നു.
31എന്റെ കിന്നരം രോദനമായും
എന്റെ കുഴൽനാദം വിലാപത്തിന് അനുരണനമായും ആലപിക്കുന്നു.
Copyright information for MalMCV